ന്യൂറോസിസ്? എന്ന വാക്കിന്‍റെ അര്‍ത്ഥം ഇന്നത്തെ ഭൂരിപക്ഷം മനഃശാസ്ത്ര-മനോരോഗ ചികിത്സകര്‍ക്ക് പോലും അറിയില്ല എന്നതാണ് വാസ്തവം. വളരെയധികം സര്‍വ്വസാധാരണമായ ഒരു തകരാറാണ് ന്യൂറോസിസ് എന്ന രോഗാവസ്ഥ. ഇതുള്ള മിക്കവാറും ആളുകള്‍ക്കും ഇതിനെ സംബന്ധിച്ച വ്യക്തമായ വിവരമോ ബോധമോ ഇല്ലെന്നതും മറ്റൊരു സത്യം. തീര്‍ത്തും വിഷമകരമായ അവസ്ഥയാണ് ന്യൂറോസിസ് എന്നതില്‍ സംശയം വേണ്ട. ശാശ്വതമായവിധം ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത ദിശയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെന്ന് ന്യൂറോസിസ് ബാധിച്ച രോഗികള്‍ തിരിച്ചറിയുന്നില്ല. ഒട്ടുമിക്ക മാനസിക രോഗങ്ങളുടെയും വ്യക്തിത്വ ക്രമക്കേടുകളുടെയും ആവിര്‍ഭാവം ന്യൂറോസിസില്‍ നിന്നായിരിക്കും. കൗമാര പ്രായത്തിലെ മദ്ധ്യഘട്ടത്തിന് ശേഷമായിരിക്കും ഈ തകരാറ് പൊട്ടിപുറപ്പെടുന്നതെങ്കിലും പൂര്‍ണ്ണ യുവത്വത്തിലെത്തിയാണ് ശ്രദ്ധയില്‍പെടുക.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ന്യൂറോസിസ് എന്ന അവസ്ഥയില്‍ കൂടി കടന്നുപോകാത്തവര്‍ വളരെ ചുരുക്കം. സാധാരണയില്‍ കവിഞ്ഞുള്ള ഒരു ദുര്‍ബലത ഒരാളെ കീഴ്പ്പെടുത്തുന്നുവെങ്കില്‍ അതയാളിലെ ന്യൂറോട്ടിക്ക് സ്ഥിതിവിശേഷത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവാനുഗ്രഹത്താല്‍ മിക്കവാറും ആളുകള്‍ക്കും അനുയോജ്യമായ സാഹചര്യങ്ങള്‍/സൗകര്യങ്ങള്‍, സംത്യപ്തി എന്നിവ തുടര്‍ന്നു ലഭിക്കുന്നതിന്നാല്‍ ന്യൂറോസിസ് തകരാറോ മറ്റുക്രമക്കേടുകളോ ആകാതെ ഒഴിഞ്ഞുമാറുന്നു. നേരിടുന്ന സമ്മര്‍ദ്ധം എത്രനാള്‍ ഒരാളെ ദുര്‍ബലപ്പെടുത്തുന്നുവോ അത്രയും ന്യൂറോട്ടിക് ആകുവാനുള്ള സാധ്യതയും കൂടുതലാണ്. ഒരുമനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ അഭിലാഷങ്ങളുടെയും സഫലീകരണത്തിന്‍റെ പുരോഗതി അനുസരിച്ച് ആവ്യക്തിയുടെ ആസ്വാദനത്തിലും കാഴ്ചപാടിലും ഏറ്റകുറച്ചിലുകള്‍ സംഭവിക്കാം ഒരുവേള ആസ്വാദനരീതി വിക്യതവുമാകാം.
ന്യൂറോസിസ് രോഗത്തിന്‍റെ മുഖ്യലക്ഷണം ഏകാന്തതയാണന്ന് പറഞ്ഞാല്‍ തര്‍ക്കിക്കുന്ന മനോരോഗ-മനശ്രാസ്ത്രജ്ഞന്‍മാരും ധാരാളമുള്ളപ്പോള്‍ കേവലം ഒരു സാധാരണക്കാരന്‍റെ അജ്ഞത നിസാരമെന്ന് പറയാം. ഏകാന്തത ആസ്വദിക്കുന്നത് ഒരു രോഗലക്ഷണമാണ്. പക്ഷെ ഇത് അംഗീകരിക്കാന്‍ ആരും തയ്യാറായായിരിക്കില്ല. ഏകാന്തതയില്‍ വസിക്കുന്നവരെ/കഴിഞ്ഞു കൂടുന്നവരെ ആരും തിരിച്ചറിയന്നില്ല; മനസ്സിലാക്കുന്നുമില്ല.. ഒരുപക്ഷെ ഏകാന്തത അനുഭവിക്കുന്ന മറ്റൊരാള്‍ക്ക് ഇവരെ മനസ്സിലായെന്നുവരാം. എന്നാല്‍ ഈകൂട്ടര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ എന്തെന്നു മനസ്സിലാക്കാന്‍ ഒരിക്കലും സാധിക്കില്ല. കാരണം പെട്ടുപോയ കെണിയില്‍ നിന്നും മോചിതനാവാനുള്ള വഴി ഇവര്‍ക്കറിയില്ല.
എകാന്തതയില്‍ കഴിയുന്നവര്‍ക്ക് ഒത്തിരി ഉപദേശങ്ങള്‍ നല്‍കാന്‍ പലര്‍ക്കും അത്യൂത്സാഹമാണ്. വേണമെന്നു വെച്ചാല്‍ ഏകാന്തത ഒഴിവാക്കാനാകുമെന്നാണ് ഉപദേശകര്‍ പറയുക. മനസ്സു വിഷമിപ്പിക്കാതിരിക്കുക, അനാവശ്യമായി ചിന്തിക്കരുത്, കാര്യങ്ങളുടെ നല്ലവശങ്ങള്‍ കാണുക, ധൈര്യം സംഭരിക്കുക, ദൈവത്തില്‍ വിശ്വാസിക്കുക........ ഇങ്ങനെ പോകുന്ന ഉപദ്ദേശങ്ങളുടെ പട്ടിക. സത്യത്തില്‍ ഇത്തരം ഉപദേശങ്ങള്‍ ഒന്നും വ്യക്തിക്ക് മനസ്സിലാവണമെന്നില്ല. ഒരുവേള ബന്ധുമിത്രാദികളുടെ ഉപദേശങ്ങള്‍ രോഗിക്ക് അസഹ്യമായി തോന്നിതുടങ്ങിയിരിക്കാം. കാരണം രോഗിയുടെ മാനസികാവസ്ഥ എന്തന്ന് മനസ്സിലാക്കാതെ ആയിരിക്കും ഇത്തരം ഉപദേശങ്ങള്‍ പുലമ്പുക.
തോന്നിതുടങ്ങിയിരിക്കും. അപകടമോ അസുഖമോ വരുമ്പോള്‍, വീഴ്ചകള്‍ പറ്റിയാല്‍, നഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളുടെ മുക്തിക്ക് വേണ്ടി പ്രാത്ഥിച്ചേക്കാം. എന്നാല്‍ നര്‍വസ്നസ്സ്(ലെിശെശ്ശേ്യേ) ബാധിച്ച വ്യക്തികള്‍ക്ക് ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അനുകമ്പ ലഭിച്ചെന്നു വരികയില്ല. അവനൊരു കിറുക്കന്‍ അല്ലങ്കില്‍ ധൈര്യമില്ലാത്തവന്‍ എന്നുപറഞ്ഞു കൊണ്ടു മറ്റുള്ളവര്‍ പുച്ഛിച്ചു തള്ളുകയായിരിക്കും പതിവ്. യഥാര്‍ത്ഥത്തില്‍ തന്‍റെ അകാരണമായ ഭയവും മനസ്സിന്‍റെ വിഷമതകളും മൂലം മറ്റുള്ളവരെ തന്നിലേക്ക് അടിപ്പിക്കാതെ അകറ്റുകയാണ് രോഗി ചെയ്യുന്നത്. നെര്‍വസ് രോഗി ഭീരുവാണോ? ഒരിക്കലുമല്ല! ന്യൂറോസിസ്സ് ബാധിച്ച വ്യക്തി മറ്റുള്ളവരെക്കാള്‍ നല്ലരീതിയില്‍ അപകടകരമായ പല സാഹചര്യങ്ങളെയും നേരിടാന്‍ പ്രാപ്തരായിരിക്കും. യുദ്ധം, പകര്‍ച്ചവ്യാധി, പ്രക്യതിക്ഷോഭങ്ങള്‍ എന്നിവയെ ഇവര്‍ വളരെ നിസാരമായി അതിജീവിക്കുവാന്‍ കഴിവുള്ളവരായിരിക്കും. എന്തുകൊണ്ട് ഇവര്‍ക്കിത് സാധ്യമാകുന്നു? കാരണം തന്നോടു ചോദിക്കാതെ മനസ്സിലേക്ക് കയറിവരുന്ന ഭയാനകമായ ചിന്തകളെയാണ് ഇവര്‍ എല്ലാറ്റിനെക്കാളും കൂടുതല്‍ ഭയപ്പെടുന്നത്. നാണക്കേട് ഭയന്ന് ഇതിവര്‍ പുറത്ത് വെളിപ്പെടുത്താറില്ല.
പലതരം അസ്വസ്ഥതകള്‍ ബാധിച്ചവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന ഇന്ന് ഏറ്റവും കൂടുതല്‍ ആശുപത്രികളില്‍ കേറി ഇറങ്ങുന്നത് മാനസികരോഗികളാണ് . സാധാരണഗതിയില്‍ ശാരീരിക വിഷമങ്ങള്‍ ബാധിച്ച് ചികിത്സക്ക് എത്തുന്നവരില്‍ ഏറിയപങ്കും ചെറിയതോതില്‍ ന്യൂറോസിസ് ബാധിച്ചവരാണന്ന് തിരിച്ചറിയാതെ പോകുന്നത് ഖേദകരം തന്നെ. ആശുപത്രി ഒ പി വിഭാഗത്തില്‍ ചികിത്സക്കായി വരുന്നവരില്‍ 60% പേരും തങ്ങളിലെ നെര്‍വസ്നെസ്സിന്‍റെ വിവിധ പ്രതികരണങ്ങള്‍ മൂലമാണ് രോഗിയായി തീര്‍ന്നതെന്നറിയാതെയാണ് എത്തുന്നത്. എന്നാല്‍ ഈ കൂട്ടരെ മുഴുവന്‍ ന്യൂറോസിസ് ബാധിക്കണമെന്നില്ല. ശരീരത്തിലെ നാഡീപ്രവര്‍ത്തന ശൈലികള്‍ ഇവരുടെ ജീവിതത്തെ വിഷമകരമാക്കി തീര്‍ത്തിരിക്കുന്നുവെന്ന് ഇവരറിയുന്നില്ല എന്നതാണ് വിഷയം. ഞരമ്പുരോഗം അഥവ ന്യൂറോസിസ്/ നാഡീരോഗം അല്ലങ്കില്‍ ഞെരമ്പു തകര്‍ച്ച പലരിലും ഉണ്ടാകണമെന്നില്ല. ഞരമ്പുരോഗത്തിന്‍റെതായ സവിശേഷതകള്‍ അവരുടെ ദൈനംദിന ജീവിതസുഖത്തെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കാണാന്‍ കഴിയും.
എന്തൊക്കെയാണ് ന്യൂറോസിസ് അഥവ ഞരമ്പു/നാഡീരോഗത്തിന്‍റെ ലക്ഷണങ്ങളെന്ന് നമ്മുക്ക് പരിശോധിക്കാം!. ലൈംഗീകപ്രവര്‍ത്തനം/പെരുമാറ്റ-വികാര പ്രകടനങ്ങളിലെ വികലമായ രീതികളാണ് അല്ലങ്കില്‍ വൈക്യതം നിറഞ്ഞ പെരുമാറ്റങ്ങളാണ് ന്യൂറോസിസ് എന്നാണ് മിക്കവാറും മനോരോഗ-മനഃശാസ്ത്ര ചികിത്സകര്‍ പോലും ധരിച്ചു വെച്ചിരിക്കുന്നത്. വിശ്വാസം സത്യത്തിന്‍റെ ശത്രുവെന്നപോലെ ഇവിടെയും വസ്തുതകള്‍ മറ്റൊരുവിധമാണ് എന്ന് ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ലൈംഗീകപരമായ യാതൊന്നിനും എടുത്തുപറയത്തക്ക റോള്‍ ന്യൂറോസിസിനില്ല. എന്തെന്നില്ലാത്ത ഭയവുമായി നടക്കുന്ന നിരവധി സ്ത്രീപുരുഷന്‍മാര്‍ സമൂഹത്തിലെ നാനാമേഖലകളില്‍ കാണാം. ഒരുകാരണവുമില്ലാതെയുള്ള ഭയം മനസ്സില്‍ ഘനീഭവിച്ചുനിന്ന് ശാരീരികവും മാനസികവുമായ അസ്വസ്ഥകള്‍ക്ക് വിധേയമാകുകയാണ് ഇവിടെ സംഭവിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇതിന് യാതൊരു ന്യായീകരണവും കണ്ടെത്തുവാന്‍ കഴിയില്ല.
മരണത്തെ ഭയക്കുന്നവര്‍, ചിലര്‍ റോഡില്‍ ഇറങ്ങി നടക്കാന്‍ ഭയക്കുന്നു, ചിലര്‍ക്ക് വാഹനമോടിക്കാന്‍ ഭയം, അപകടമുണ്ടായാല്‍ എളുപ്പം രക്ഷപ്പെടാമല്ലോ എന്നചിന്തയില്‍ സിനിമ തിയറ്ററിന്‍റെ വാതിലനടുത്ത് ഇരിക്കുന്നവര്‍ നിരവധി, ലിഫ്റ്റിലും എസ്ക്കലേറ്ററിലും കേറുവാന്‍ ഭയമുള്ളവര്‍, ചോരകണ്ടാല്‍ ബോധം കെട്ടുവീഴുന്നവര്‍, വലിയ ശബദത്തെ ഭയക്കുന്നവര്‍, ഉയരത്തെ ഭയക്കുന്നവര്‍-ഇവര്‍ക്ക് കെട്ടിടങ്ങളിലോ കുന്നിന്‍ മുകളിലോ കയറാന്‍ സാധിക്കുകയില്ല, മറ്റുചിലര്‍ തങ്ങള്‍ക്ക് അസുഖമോ-ഭ്രാന്ത് പിടിക്കുമോ എന്ന ചിന്തയുമായി നടക്കുന്നു. ഇവര്‍ക്ക് മോശമില്ലാത്ത അളവില്‍ മറവി പിന്തുടരും (തന്‍മൂലം ചായയില്‍ പഞ്ചസാരക്ക് പകരം ഉപ്പ് ഇടുക അല്ലങ്കില്‍ വസ്ത്രം ഊരി ഫ്രിഡ്ജില്‍ വെക്കുക എന്നിവ പതിവാണ്). ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നുവെന്ന് ഭയന്ന് പട്ടിണികിടക്കുന്നവര്‍, പകര്‍ച്ചവ്യാധി പിടിപെടുമോയെന്ന ഭയംമൂലം പൊതുകക്കൂസും മറ്റുപരിസരങ്ങളും ഉപയോഗിക്കുവാന്‍ അറച്ചു നില്‍ക്കുന്നവര്‍ ഇങ്ങനെ നിരവധി തരത്തില്‍ ഭയം പേറി നടക്കുന്നവരെ നമുക്ക് കാണുവാന്‍ കഴിയും.
വേറൊരു വിഭാഗക്കാര്‍ക്ക് സമ്മര്‍ദ്ധം, അസ്വസ്ഥത, വിഷാദം, സംഭ്രമാവസ്ഥ എന്നിവയാണ് ന്യൂറോസിസ്സ് ഘട്ടങ്ങളില്‍ പ്രകടമാക്കുക. ഇത്തരം വ്യക്തികള്‍ സദാഎതെങ്കിലും ജോലിയില്‍ മുഴുകിയിരിക്കും. ഒരുനിമിഷം പോലും വിശ്രമിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. വീട്ടിലെ മരാമത്ത് പണികള്‍, പാത്രം-തുണികള്‍ ദീര്‍ഘനേരം കഴുക, സാധന സാമഗ്രികള്‍ എടുത്ത് സ്ഥലം മാറ്റി ഒതുക്കിവെക്കുക, ചിലര്‍ കിടക്കയില്‍ ഉരുണ്ടുമറിഞ്ഞ് കടക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ കാലുകള്‍ ആട്ടി കിടക്കുന്നതും കാണാം. ഉറക്കമില്ല രാവിലെ എഴുന്നേറ്റാല്‍ തലക്ക് വല്ലാത്തകനം അനുഭവപ്പെടുക ഇവര്‍ക്ക് പതിവാണ്. ഇത്തരക്കാര്‍ക്ക് രാവിലെ സമയം മടിയും അലസതയുമായിരിക്കും. ചിലര്‍ക്ക് എത്ര ഭക്ഷണം കഴിച്ചാലും മതിവരാതെ രസംപിടിച്ച് വീണ്ടും കഴിച്ചുകൊണ്ടിരിക്കും. മറ്റൊരുകൂട്ടര്‍ക്ക് വ്യത്തിയോടും, വെടിപ്പിനോടുമുള്ള എന്തന്നില്ലാത്ത അഭിനിവേശമായിരിക്കും. എത്ര ഒതുക്കിയാലും വ്യത്തിയാക്കിയാലും തന്‍റെ വീട്/മുറി ശരിയായിട്ടില്ലന്ന ടെന്‍ഷനുമായി ഇവര്‍ കൂടെകൂടെ പരിശോധിച്ച് ത്യപ്തി വരാഞ്ഞ് വീണ്ടും വ്യത്തിയാക്കല്‍ പ്രക്രിയ തുടര്‍ന്ന്കൊണ്ടിരിക്കും. ഇതുകണ്ട് മറ്റുള്ളവര്‍ ധരിക്കുക അയാള്‍ക്ക് വട്ട് തന്നെയാണന്നാണ്. കമ്പല്‍സീവ് ഒബ്സെഷന്‍ എന്ന് ഈ അവസ്ഥയെ വിളിക്കാം.
റോഡിലൂടെ നടക്കുമ്പോള്‍ വഴിനീളെ ഇലക്ട്രിക് പോസ്റ്റുകള്‍ തൊട്ടും എണ്ണിയും നടക്കുന്നവര്‍ (കൂടുതലും കുട്ടികളായിരിക്കും), അമ്പലത്തില്‍ പോയാല്‍ സാധാരണയില്‍ കൂടുതല്‍ തവണ പ്രദക്ഷിണം ചെയ്യുന്നവരെ കാണാന്‍ കഴിയും. ഭക്തിയുടെ പേരില്‍ പത്തോ നൂറോ തവണ അമ്പലം ചുറ്റുക അല്ലങ്കില്‍ ശയന പ്രദക്ഷിണം ചെയ്യുക, ചിലര്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥന/കുര്‍ബാനക്കിടയില്‍ നൂറിലധികം തവണ കുരുശു വരയ്ക്കുക, പുണ്യാളന്‍മാരെ തൊട്ടുമുത്തുക, നെറ്റിയില്‍ നിസ്ക്കാര തഴമ്പുണ്ടാക്കുന്നവര്‍:- ഒട്ടും സംശയം വേണ്ട ന്യൂറോസിസ് എന്ന വട്ട് രോഗം തന്നെയാണ് ഇവര്‍ക്ക്. എറ്റവും കൂടുതല്‍ ന്യൂറോട്ടിക്ക് വ്യക്തികള്‍ മുസ്ലീം ക്രിസ്റ്റ്യന്‍ വിഭാഗത്തിലായിരിക്കും കാണപ്പെടുക. കാരണം ഈരണ്ട് വിഭാഗങ്ങളിലാണ് മതാചാര നിഷ്ടകള്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതും സ്വസിദ്ധമായ വികാരങ്ങളെ പുറത്തറിയിക്കുനതില്‍ തടസ്സം നില്‍ക്കുന്നതും. ഈകാര്യത്തില്‍ എല്ലാ മതങ്ങളുടെയും ഉദേശം ഒന്നുതന്നെ എന്നുപറഞ്ഞാലും തെറ്റില്ല.
വീടുപൂട്ടി അല്‍പം കഴിഞ്ഞ് തിരിച്ചുവന്ന് പൂട്ടിയത് ശരിയായോ എന്നു പരിശോധിക്കുകയും വലിച്ചു നോക്കുകയും ചെയ്യുന്നവര്‍- ചിലര്‍ക്ക് ഈ പരിശോധന അനവധി തവണ ആവര്‍ത്തിച്ചാലെ സമാധാനമാകു. ഒരു കൂട്ടം വീട്ടമ്മമാരും ഭര്‍ത്താക്കന്‍മാരും ഉറങ്ങുന്നതിനു മുമ്പ് കതകുകള്‍ ഭദ്രമായി അടച്ചുവോയന്ന് ശങ്കമൂലം വീണ്ടും വന്നുപരിശോധിക്കുന്നു. ഈ ഗണത്തില്‍പ്പെട്ടവര്‍ തങ്ങള്‍ സാധാരണ ജീവിതത്തില്‍ നിന്നും ഒറ്റപ്പെടുന്നുവെന്ന മനോവേദന വെച്ചു പുലര്‍ത്തും. ഇവര്‍ക്ക് എളുപ്പം തീരുമാനമെടുക്കാന്‍ കഴിയില്ല. മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞേ ഇവര്‍ക്ക് എന്തെങ്കിലും തീരുമാനിക്കാനാകു. ഒരുവേള തീരുമാനം മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുവാനും മുതിരുന്നു.
ചിലര്‍ നിറങ്ങളുടെയും സംഖ്യകളുടെയും ആഴ്ചകളുടെയും കാര്യത്തില്‍ വിവിധതരം ചിന്താഗതികളുമായി നിങ്ങുമ്പോള്‍ മറ്റൊരു വിഭാഗം ശകുനങ്ങളിലും നിമിത്തങ്ങളിലും ശക്തമായി വിശ്വാസം പുലര്‍ത്തി പോരുന്നത് കാണാം. മറ്റൊരുകൂട്ടര്‍ ജീവിതത്തില്‍ സംഭവിക്കുന്ന നിസാരകാര്യങ്ങള്‍ക്ക് പോലും അമിതമായ കുറ്റബോധവും പേറിനടക്കുന്നു. തന്‍റെ പ്രവര്‍ത്തിയില്‍ തെറ്റുള്ളതായി വിലയിരുത്തി പുറകെ നടന്ന് മാപ്പ്പറയുക ഇവരുടെ പതിവാണ്. നിസാരമായതും ജീവിതത്തില്‍ സാധാരണവുമായ കാര്യങ്ങള്‍ക്കുപോലും ഇവര്‍ സോറി പറഞ്ഞിരിക്കും. ആവര്‍ത്തിച്ചുള്ള ചിന്തകളെയാണ് ഒബ്സെഷന്‍/ഒഴിയാബാധ എന്നുവിളിക്കുന്നത്. നെര്‍വസ്നസ്സ് തകരാറുള്ള വ്യക്തികളില്‍ ഇവ കൂടുതലായിരിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ തങ്ങളിലെ ഒബ്സെസ്സീവായ ചിന്തകളെ തരണം ചെയ്യുവാനുള്ള ചിലതരം നിര്‍ബന്ധിത സ്വഭാവങ്ങള്‍/കമ്പല്‍ഷനും ഇവരില്‍ ഉണ്ടായിരിക്കും. മറ്റുള്ളവര്‍ക്ക് നേരിടുന്ന പ്രയാസങ്ങളിലും ആഘാതങ്ങളിലും ഇവരില്‍ കുറ്റബോധം ജനിക്കുന്നു. താനാണ് എല്ലാ പ്രശ്നത്തിനും ദുരിതത്തിനും ഉത്തരവാദി എന്നിവര്‍ വിശ്വസിക്കുന്നു. ഈ അപരാധ ബോധം ദീര്‍ഘനാള്‍ പ്രവര്‍ത്തനക്ഷമമായല്‍ ക്രമേണ വിഷാദരോഗത്തിലേക്കും വഴുതി വീഴുന്നു.
ചിലര്‍ക്ക് സദാസമയം ലൈംഗീക ചിന്തകളും പ്രണയവും ദിവാ സ്വപനങ്ങളുമായിരിക്കും മനസ്സ് മുഴുവന്‍. ഇത്തരക്കാരില്‍ പലരും ലൈംഗീകബന്ധത്തെ വേദനാജനകമായ ഒന്നായി വിശ്വസിച്ച് അവേര്‍ഷന്‍ (അരോചകം) ഡിസോര്‍ഡറിലേക്ക് വഴുതിപോകുന്നു. ചിലര്‍ തങ്ങളുടെ കൊച്ചുനാളില്‍ ചെയ്ത ലൈംഗീക വിക്യതികള്‍ അല്ലങ്കില്‍ സ്വയംഭോഗം എന്നിവയുടെ അനന്തരഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്ന മനോവിഷമങ്ങളുടെയും ഞരമ്പുതളര്‍ച്ചയുടെയും ക്ഷീണത്തിന്‍റെയും കാരണമെന്ന് വിശ്വസിക്കുന്നു. പലര്‍ക്കും ജീവിതത്തിലുടനീളം മനസ്സില്‍ കുറ്റബോധം തോന്നുവാനിടയുണ്ട്. ഏതോ വലിയ കുറ്റം ചെയ്തു എന്നുകരുതുന്ന ഇവര്‍ക്ക് തങ്ങള്‍ ചെയ്ത കുറ്റമെന്തെന്ന് വിവരിക്കുവാന്‍ സാധിക്കില്ല.
ശരീരത്തിന്‍റെയും മനസ്സിന്‍റെയും പ്രത്യേക പ്രവര്‍ത്തനങ്ങളാണ് ന്യൂറോസിസിന് കാരണം. സൈക്കോസൊമാറ്റിക്ക് അഥവ മനോജന്യശാരീരിക വേദന, കൈക്കാല്‍ കടച്ചില്‍, തലവേദന, പുകച്ചില്‍, ചിലര്‍ക്ക് ശ്വാസം മുട്ടല്‍, മറ്റുചിലര്‍ക്ക് അപ്സമാര രോഗബാധയുടെ ലക്ഷണങ്ങള്‍ വരെ ഉണ്ടായേക്കാം. ചിലര്‍ക്ക് വെറുതെ നെഞ്ചുവേദനയായിരിക്കും. ഭക്ഷണത്തിന് രുചികുറവ്, മലബന്ധം, പുളിച്ച്തേട്ടല്‍, വയറിനുള്ളില്‍ എരിച്ചല്‍ പുകച്ചില്‍ എന്നീ വിഷമതകളും അനുഭവിക്കുന്നവരും ധാരാളം.
ന്യൂറോസിസ് രോഗികളില്‍ പലരും തങ്ങളുടെ മനസ്സിന്‍റെ അബോധതലങ്ങളിലുള്ള ചിന്തകളുടെ സമ്മര്‍ദ്ധം സ്വയം മനസ്സിലാക്കി അനുഭവിക്കുന്ന പ്രയാസങ്ങളില്‍ നിന്നും മോചിതിരാകാന്‍ അശക്തരായിരിക്കും. പകരം വെറുതെ ചിന്തിച്ച് കാട്കയറുന്നു. ഈ പറഞ്ഞ പ്രയാസങ്ങള്‍ ശാരീരിക രോഗങ്ങളായി വളര്‍ച്ച പ്രാപിക്കുകയാണ് ചെയ്യുന്നത്. ചിലര്‍ക്ക് ഈ സമയങ്ങളില്‍ കണ്ണിന് കാഴ്ചകുറവ്, കേള്‍വികുറവ്, വിക്കല്‍ എന്നിവയും അനുഭവപ്പെടും. ഹിസ്റ്റീരിയ ഇത്തരത്തിലുള്ള ഒരു നെര്‍വസ്നെസ്സ് തകരാറാണ്. തങ്ങളുടെ ശരീരത്തിന്‍റെ ഒരുഭാഗംതന്നെ മരവിച്ചിരിക്കുന്നപോലെയും ഇവര്‍ക്ക് അനുഭവപ്പെടുന്നു.
സെക്സില്‍ ഏര്‍പ്പെടുന്നതിലുള്ള കഴിവില്ലായ്മ, സെക്സിനോടുള്ള ഭയം എന്നിവയും ന്യൂറോസിസിന്‍റെ ഭാഗങ്ങളാണന്നറിയുക. ഇതെല്ലാം പലതരം സംഭ്രമാവസ്ഥയാണ് പ്രകടമാക്കുന്നത്. ലൈംഗീക വേഴ്ചക്കായി പ്രക്യതി സ്ത്രീകളെയും പുരുഷന്‍മാരെയും വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിലെ 50% സ്ത്രീപുരുഷന്‍മാര്‍ ലൈംഗീക ജഢതയുമായി ജീവിതം തള്ളിനീക്കുകയാണ്. ശാരീരികമായ യാതൊരുവിധ കുറവുകളും ഇവരില്‍ ഉണ്ടായിരിക്കില്ല. വ്യക്തിത്വത്തിന്‍റെ ഒരുഭാഗം ലൈംഗീകാസ്വാദന പ്രവര്‍ത്തനത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ ഇവരുടെ വ്യക്തിത്വത്തിന്‍റെ മറ്റൊരുവശം അതിനെ പാപം-തെറ്റ് എന്നുപറഞ്ഞു വിലക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു. തന്‍മൂലം നിരവധിപേര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ തോല്‍വികള്‍ ഏറ്റുവാങ്ങുവാനിടവരുന്നു.
നെര്‍വസ്നെസ് മൂലം വ്യക്തികള്‍ക്ക് സാധാരണഗതിയിലുള്ള ലൈംഗിക പ്രവര്‍ത്തനത്തില്‍ പോലും ഏര്‍പ്പെടുവാന്‍ സാധ്യമാകാതെ വരാറുണ്ട്. അന്നേരം ലൈംഗീക വൈക്യതമായിരിക്കും അയാള്‍ക്ക് അഭികാമ്യം. സ്വവര്‍ഗ്ഗലൈംഗീകത, ഒളിഞ്ഞുനോട്ടം, തുണിപൊക്കി കാട്ടുക, ലൈംഗീകസ്പര്‍ശനം, ബലാത്സംഗം, ദേഹോപദ്രവം, ജഡങ്ങളിലും മ്യഗങ്ങളിലും(ലൈംഗീക പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ) പരീക്ഷണം നടത്തുക, ചെറിയ കുട്ടികളെ ലൈംഗീക കാര്യത്തിനു ഉപയോഗിക്കുക, ബ്ലൂഫിലീം നോക്കി അസ്വദിക്കുക, സ്വയംഭോഗം എന്നിവ ഈ നെര്‍വസ്നെസ്സിന്‍റെ സങ്കീര്‍ണ്ണതയില്‍ നിന്നാണ് ഉരുതിരിയുന്നത്. ് സാധാരണഗതിയിലുള്ള പെരുമാറ്റവും ഇവര്‍ക്ക് സാധ്യമാകാതെ വരുന്നു. വൈകാരികമായ തകരാറുകളായും അപക്വതയുമായും കാണുന്നതിന് പകരം ഇതെല്ലാം ഞരമ്പുതകര്‍ച്ചയുടെ/ഞരമ്പുരോഗത്തിന്‍റെ ലക്ഷണമായാണ് പണ്ഡിതന്‍മാര്‍ പോലും വിലയിരുത്തുനത്.
വാസ്തവത്തില്‍ സംഭ്രമാവസ്ഥയുടെ നെര്‍വസ്നെസ്സിന്‍റെ അടിസ്ഥാന കാരണമെന്താണ്? എന്തെല്ലാമാണ് നമ്മെ ദുര്‍ബലപ്പെടുത്തുന്നത്? ചോദ്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതും ആരും എത്തി നോക്കാത്തതുമാണ്. നേര്‍വസ്നെസ്സ് എന്തെന്ന് മനസ്സിലാക്കണമെങ്കില്‍ നമ്മുടെ മനസ്സില്‍ കേറികൂടിയ തെറ്റായ ആശയങ്ങള്‍ എന്തൊക്കെയാണന്ന് വസ്തുനിഷ്ടമായി പരിശോധിക്കേണ്ടതുണ്ട്.
ഒരു കൗമാരക്കാരന്‍റെ ഉദാഹരണമെടുക്കാം: ഒരു പ്രത്യേക പരിഭ്രമം എല്ലായ്പ്പോഴും അവനില്‍ കാണപ്പെടുന്നു. സകല കാര്യങ്ങള്‍ക്കും സ്റ്റാര്‍ട്ടിങ് പ്രോബ്ലം. ജീവിതം വളരെയേറെ വേദനാജനകവും വ്യര്‍ത്ഥവുമായി അവന് അനുഭവപ്പെടുന്നു. അടുത്ത സുഹ്യത്തുക്കള്‍ കുറവ്. എല്ലാം മനസ്സില്‍ അടക്കിപിടിക്കുന്നു. തന്‍റെ ജീവിതത്തിലെ യാതൊരുവിധ പ്രവര്‍ത്തനത്തിലേക്കും സ്വയം ഇറങ്ങിചെല്ലുവാനോ പങ്കെടുക്കുവാനോ സന്തോഷം കണ്ടെത്തുവാനോ അവന് കഴിയുന്നില്ല. എല്ലാ കാര്യങ്ങള്‍ക്കും മാതാപിതാക്കളുടെ സഹായവും പിന്തുണയും വേണ്ടിവരുന്നു.
തന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ പെരുമാറ്റങ്ങള്‍ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ എന്തെല്ലാമാണ് എന്നതിനെകുറിച്ച് ബോധവാനായിരുന്നില്ലങ്കിലും അതീവ പ്രയാസം എല്ലാ കാര്യങ്ങളിലും നേരിട്ടിരുന്നു. ഒന്നും ഒറ്റക്ക് തുടങ്ങാന്‍ കഴിയില്ല. വ്യക്തമായ ഒരു തീരുമാനംപോലും എടുക്കുവാന്‍ അശക്തന്‍. ഒരോ ദിവസം കടന്നുപോകും തോറും തന്‍റെ ജീവിതത്തിലെ സന്തോഷത്തിന്‍റെയും മൂല്യങ്ങളുടെയും അവസാന കണികയും അകന്ന് പോകുന്നതുപോലെ അവനു തോന്നുന്നു. ആകെ ഒരു അസ്വസ്ഥത. മരവിപ്പ്. എന്തുചെയ്യണമന്നറിയില്ല. ആരോടു പറയും?
ചെറിയ പ്രായം മുതല്‍ കൂട്ടുകാരെ സമ്പാദിക്കുവാനുള്ള കഴിവ് തുച്ഛമായിരുന്നു. മാതാപിതാക്കളില്‍ ആരുടെ മാത്യകയാണ് താന്‍ പിന്തുടരുന്നതന്നു ഒരു തിട്ടവുമില്ല. അവന്‍റെ മനസ്സിലെ വികാരചിന്തകളും കാഴ്ചപാടും മറ്റുള്ളവരെ പറഞ്ഞുധരിപ്പിക്കുന്നതില്‍ നേരിയ പ്രയാസവും-ലേണിംങ് ഡിസെബിലിറ്റി സന്തത സഹചാരിയായി കൂടെയുണ്ടായിരുന്നു വെങ്കിലും നല്ലൊരു കലാകാരനും പാശ്ചാത്യ സംഗീതാസ്വാദകനും കൂടിയാണവന്‍. തന്നിലെ കഴിവുകള്‍ മറ്റുള്ളവര്‍ അറിയുന്നത്പോലും കുറച്ചിലായി കാണുവാന്‍ തുടങ്ങി. തന്‍റെ അവസ്ഥയെ അതിജീവിക്കുവാനായി പ്രത്യേക ഭാഷാശൈലികള്‍ അവലംബിക്കുകയും മരുന്നുകളും വ്യായാമമുറകളും പ്രാത്ഥനകളും പരീക്ഷിക്കുവാനും തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഒന്നിലും ത്യപ്തിവരുന്നില്ല. എന്തൊക്കയോ നേടിയെടുക്കാനുള്ള വ്യഗ്രതയും അഭിലാഷങ്ങളും മനസ്സില്‍ കൊണ്ടുനടക്കുന്നു. പക്ഷെ അതിനുപാതികമായ പാഠ്യരീതികള്‍ പരിശീലനങ്ങള്‍ ഒന്നിമില്ല. ഇപ്പോള്‍ ഒരുതരം ഏകാന്തന്‍, അങ്ങോട്ട് കേറിചെന്ന് പരിചയപ്പെടാന്‍ ലജ്ജ, തന്‍റെ അതേ കാഴ്ചപാടും അഭിരുചികളും ഉള്ളവരെ തേടി നടക്കുക. അവരുമായി മാത്രം അടുത്ത ചങ്ങാത്തം പുലര്‍ത്തുക. ഒന്നിനോടും ഇണങ്ങിചേരുവാനും പൊരുത്തപ്പെടുവാനും സാധിക്കുന്നില്ല. ഒത്തിരി സങ്കടങ്ങള്‍, ഒന്നു കരയുവാന്‍ പോലും കഴിയാത്തവസ്ഥ. തനിക്ക് വേണ്ടത്ര സുഹ്യത്തുക്കള്‍ ഇല്ലെന്ന പരാതിയോടൊപ്പം പ്രണയിക്കാന്‍ ഒരു കാമിനി വേണമെന്ന ആവശ്യകതയും അതു സഫലമാകാത്ത മറുവശവും. കലങ്ങിമറിഞ്ഞ ജീവിതാന്തരീക്ഷം, അറപ്പുളളവാക്കുന്ന വിദ്യാഭ്യാസന്തരീക്ഷം. അല്‍പസമയം കിട്ടിയാല്‍ ഉടന്‍ സമാര്‍ട്ട് ഫോണില്‍ ചെലവഴിക്കുക. സുഹ്യത്തുക്കള്‍ തന്നെ അവോയ്ഡ് ചെയ്യുന്നുവെന്ന തോന്നല്‍. ദിനചര്യകള്‍ ചെയ്ത് തീര്‍ക്കുവാന്‍ ആവശ്യത്തിലധികം സമയം എടുക്കുക. ഭൗതീക തലത്തില്‍ ജീവിക്കാന്‍ ഒന്നിനും കുറവില്ല എന്നാലും തനിക്ക് മാത്രമെ ഇത്തരം ഒരു ദുര്‍വിധിയുള്ളു എന്ന ധാരണ.
തന്‍റെ പ്രതിച്ഛായ ഭംഗിയാക്കാനുള്ള വസ്ത്രധാരണവും മേയ്ക്കപ്പും, ആഴ്ചയിലെ ഓരോ ദിവസത്തിനും ക്രമമായി വിവിധ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയുക, വ്യക്തമായ വെടിപ്പും ഒരുക്കവും ഇല്ലങ്കിലും ചെയ്യുന്ന പലതും സ്റ്റീരിയോടൈപ്പും ക്രമത്തിലുമായിരിക്കും. ഇങ്ങനെ പോകുന്നു കൗമാരക്കാരന്‍റെ വിശേഷങ്ങള്‍. ആകെ അസ്വസ്ഥനായ അവന് സന്തോഷിക്കാന്‍ കഴിയുന്നില്ല. ക്രമേണ ശാരീരികവും മാനസികവുമായ പ്രത്യേകതകളും, സാമൂഹിക-വൈകാരികമായ ന്യൂനതകളും തന്നില്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത് അവനറിഞ്ഞില്ല. അമിതമായ ക്ഷീണം, ക്ലാസില്‍ പോകുവാനുള്ള താല്‍പര്യം കുറഞ്ഞു, ഉയര്‍ന്ന നെഞ്ചിടിപ്പ്, കൈകള്‍ തണുത്തു മരവിക്കുക, ചെലപ്പോള്‍ ശരീരമാസകലം ചൂടും പുകച്ചിലും അനുഭവപ്പെടുക, അപകര്‍ഷതാബോധം, തന്നിലെക്ക് തന്നെ ഒതുങ്ങികൂടുവാന്‍ തുടങ്ങി. ചന്ദ്രനിലോ മറ്റു ഗ്രഹങ്ങളിലോ പോയ്മറയണമെന്ന ആഗ്രഹം ഉടലെടുക്കുവാന്‍ തുടങ്ങി. അമിതമായി ഭക്ഷണം കഴിക്കുക, നഖം വളര്‍ത്തുക, സ്വയം ഒന്നിനും കൊള്ളില്ല എന്നധാരണ, സ്വയം ഇടിച്ചുതാഴ്ത്തി സംസാരിക്കുക, മോശമില്ലാത്ത വിധം വൈരാഗ്യമനോഭാവം, അമാനുഷികമായ കഴിവുകള്‍ ആര്‍ജ്ജിച്ച് എല്ലാത്തിനെയും തകര്‍ത്ത് തരിപ്പണമാക്കുവാനുള്ള സ്വപ്നങ്ങള്‍, യാഥാര്‍ത്ഥ്യ ബോധത്തില്‍നിന്നും മാറി ചിന്തിക്കുക, സ്വാര്‍ത്ഥത...
എന്താണ് ഈ കൗമാരക്കാരന് സംഭവിക്കുന്നത്? അവന്‍റെ അസ്വസ്ഥകളുടെ കാരണം? വിവിധ വികാര വിചാരങ്ങള്‍? ആവിശ്യങ്ങള്‍? കുറവുകള്‍? പെരുമാറ്റരീതികള്‍? ചിന്താഗതികള്‍? ഒത്തിരി ചോദ്യങ്ങളും വിശകലനവും ഇവിടെ പ്രസ്ക്തമാണ്. ഒരു കാര്യം തീര്‍ച്ച! അവന്‍റെ ശാരീരിക പ്രവര്‍ത്തനങ്ങളും നാഡിഞെരമ്പുകളുടെ പ്രവര്‍ത്തനവും എല്ലാം സാധാരണഗതിയിലാണ്. ഭൗതീകമായി യാതൊരുവിധ കുറവുകളും ഇല്ല. എന്നാല്‍ അവനിലെ വൈകാരിക വേലിയേറ്റങ്ങള്‍ എപ്പ്രകാരമാണ് മുന്നോട്ട് നയിക്കുന്നതെന്ന് അവനറിയാതെ പോകുന്നു. തന്നിലെ കഴിവുകളുടെ വ്യാപ്തി തിരിച്ചറിയുന്നില്ല. മറ്റുള്ളവര്‍ക്ക് ലഭിക്കുന്നവയോടു സ്വയം താരതമ്യം ചെയ്ത് കുണ്ഡിതനാകുന്നു.
ഒന്നു മനസ്സിലാക്കണം! പലതരം ശാരീരിക പ്രത്യേകതകളും ലക്ഷണങ്ങളും മനുഷ്യശരീരം പ്രകടമാക്കാറുണ്ട്. അവ രോഗവസ്ഥയിലും ദുരിതാവസ്ഥയിലും മാത്രമല്ല പൂര്‍ണ്ണമായ ആരോഗ്യം നിലനില്‍ക്കുമ്പോഴും ഈപറഞ്ഞ ലക്ഷണങ്ങള്‍ പലതും പ്രകടമാകാം.
മനുഷ്യന്‍റെ നേര്‍വസ്സ് സിസ്റ്റം ക്ഷീണിക്കുന്നുവെന്നത് തെറ്റായ അവബോധമാണ്. ഈ ധാരണ തിരുത്തേണ്ടിയിരിക്കുന്നു. ഭക്ഷണത്തിലെ പ്രത്യേകതകള്‍ മൂലം ഞരമ്പുകള്‍ക്ക് ആവിശ്യമായ പോഷണങ്ങളും ജീവകങ്ങളും ലഭിക്കാതെ വന്നേക്കാം. എന്നാല്‍ ന്യൂറോസിസ് പോഷകാഹാരകുറവ് കൊണ്ടല്ല ആരംഭിക്കുന്നത്. അതിനാല്‍ തന്നെ നാഡിഞരമ്പുകളെ പരിപോഷിപ്പിക്കാനുള്ള ഭക്ഷണം, മരുന്ന്, വ്യായാമം എന്നിവ പരിഷ്കരിച്ച് സമയവും കാശും കളയുന്നത് വിഡ്ഡിത്തമാണ്. മാത്രമല്ല ഇതുകൊണ്ടൊന്നും ശാരീരികമാനസിക അസ്വസ്ഥ്യങ്ങള്‍ മാറുകയില്ല. എന്തെന്നാല്‍ ഞരമ്പുരോഗം അഥവ നേര്‍വസ്നെസ്സ് നേര്‍വസ്സിസ്റ്റത്തിന്‍റെ തകരാറുമൂലമല്ല മറിച്ച് അത് വൈകാരികമായ (ഇമോഷ്ണല്‍) താളം തെറ്റലിന്‍റെ ആദ്യപടിയാണെന്ന് മനസ്സിലാക്കുക.
നിങ്ങളുടെ മാനസിക പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയെന്ന് വിലയിരുത്തി അവയെ നിയന്ത്രിക്കുകയാണ് മുഖ്യം. മനസ്സിന്‍റെ നിയന്ത്രണം വിട്ടുപോകുന്ന വേളയില്‍ സര്‍വത്ര അപാകതകളും സംഭവിക്കും. ഏകാഗ്രത നഷ്ടപ്പെട്ടാല്‍ പഠനത്തില്‍ വൈകല്യം, റോഡ് അപകടങ്ങള്‍ എന്നിവ ഉണ്ടാകുന്നത് ഉദാഹരണമായി എടുക്കാം. മനസ്സിനു വ്യക്തമായ തീരുമാനം എടുക്കാന്‍ കഴിയാതെ വരുമ്പോള്‍ നിങ്ങളുടെ ശാരീരികമായ പ്രവര്‍ത്തനങ്ങളേ നിയന്ത്രിക്കുന്നതില്‍ പാളിച്ച സംഭവിക്കുകയാണ് ചെയ്യുന്നത്. അന്നേരം ശരീരത്തിലെ ഒട്ടുമിക്ക പ്രധാന ഗ്രന്ധികളുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി പലവിധ മനോജന്യശാരീരിക രോഗങ്ങള്‍ പുറത്തക്ക് വരുന്നു.
മറ്റൊരു ഉദാഹരണം:- ഒരു യുവാവിനോട് തന്‍റെ പേര് എഴുതിഒപ്പിടുവാന്‍ ആവിശ്യപ്പെട്ടു. ലളിതമായ ഈ ജോലി ബോധപൂര്‍വ്വം ചെയ്യേണ്ടതില്ല. എന്നാല്‍ യുവാവിന്‍റെ സ്ഥിതി മറിച്ചായിരുന്നു. കേട്ടപടി അവന് പരിഭ്രമമായി, നെറ്റി ചുളിച്ചു, ശരീരം വിയര്‍ക്കുവാന്‍ തുടങ്ങി, മാംസപേശികള്‍ വലിഞ്ഞു മുറുകി. എന്തോ വലിയ ഒരുകാര്യം ചെയ്തു തീര്‍ക്കുവാനന്നവണ്ണം തന്‍റെ ഊര്‍ജ്ജത്തെ മുഴുവന്‍ കേന്ദ്രീകരിച്ചു തയ്യാറെടുപ്പോടെ അവന്‍ പേരഴുതി ഒപ്പിടാന്‍ ശ്രമിച്ചു. പക്ഷെ ദയനീയമായി പരാജയപ്പെട്ടു. വിയര്‍പ്പുതുള്ളികള്‍ നെറ്റിയിലും മുഖത്തൂടെയും ഒഴുകി. കൈയില്‍നിന്നും കടലാസ് വീണുപോയി.
യുവാവിന്‍റെ വൈകാരികപ്രശ്നം എന്താണ്? സാധാരണ രീതികളും ചിന്തകളും അവക്കെതിരായുള്ള കാര്യങ്ങളും പ്രവര്‍ത്തികളും തമ്മിലുള്ള അന്തരത്തിന്‍റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. തന്‍റെ ദയനീയവസ്ഥയുടെ കാരണമെന്തന്ന് സ്വയം വിശകലനം ചെയ്തപ്പോള്‍ ചെന്നത്തിയത് മാതാപിതാക്കളിലായിരുന്നു. മാതാപിതാക്കള്‍ വളരെയധികം വാശിപിടിക്കുമായിരുന്നു. അമിതമായ കര്‍ക്കശം എല്ലാത്തിലും വെച്ചുപുലര്‍ത്തുന്നവര്‍. അവന്‍റെ താല്‍പര്യത്തിനും അഭിപ്രായത്തിനും യാതൊരു പിരിഗണനയും ലഭിച്ചിരുന്നില്ല. യുവാവിന്‍റെ ചെറുപ്പം മുതലുള്ള കാര്യങ്ങള്‍ മാതാപിതാക്കള്‍ കര്‍ശനമായിട്ടായിരുന്നു നടപ്പിലാക്കിയിരുന്നത്. മോശമില്ലാത്ത വിധം അടിയും ചീത്തയും ലഭിച്ചിരിന്നതോടെപ്പം അവന്‍റെ സ്വതന്ത്യവും നിഷേധിച്ചിരുന്നു. ഇതുമൂലം അവന്‍റെ മനസ്സിന് പക്വതയാര്‍ജ്ജിക്കാന്‍ സാധാരണയില്‍ കൂടുതല്‍ സമയം വേണ്ടിവന്നു. സ്വസിദ്ധമായി പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്യം വൈകിയാണ് ലഭിച്ചതും. പിന്നീട് മനഃശാസ്ത്രത്തില്‍ അധിഷ്ടതമായ സൈക്കോതെറാപ്പിയിലൂടെ കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ പേരഴുതി ഒപ്പിടുവാനുള്ള ഭയവും സംങ്കോചവും അപ്രത്യക്ഷമായി. പുറത്തറിയിക്കാതെ കൊണ്ടുനടന്ന മനസ്സിന്‍റെ ഉള്ളിലുള്ള സംഘര്‍ഷാവസ്ഥയുടെ ബാഹ്യലക്ഷണങ്ങളായിരുന്നു തന്‍റെ പ്രശ്നമെന്ന് അവന്‍ മനസ്സിലാക്കി.
അതുപോലെ ഉറക്കകുറവ് (നെര്‍വസ്പരാലിസിസ്) ഈ അവസ്ഥയും അനുഭവപ്പെടാത്തവര്‍ ചുരുക്കം. ഉറക്കം ലഭിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുക, കൈകള്‍ നെറ്റിയില്‍ വെച്ച്, കാലുകള്‍ ആട്ടിക്കിടക്കുനവര്‍, രാത്രി മുഴുവന്‍ ഇടക്കിടെ എഴുന്നേറ്റ് വെള്ളം കുടിച്ചും മൂത്രമൊഴിച്ചും നടക്കുന്നവരുടെ സ്ഥിതി ഇതുതന്നെയാണ്. ആന്തരീകമായ സംഘര്‍ഷാവസ്ഥക്ക് കാരണം ഭക്ഷണകുറവോ/വൈറ്റമിന്‍ അപര്യാപ്തതയോ അല്ല. മനസ്സിലുള്ള ആശയകുഴപ്പങ്ങളുടെയും സംഘര്‍ഷാ വസ്ഥകളുടെ വൈകാരികമായ പരസ്പര ഏറ്റുമുട്ടലുകള്‍ മൂലം വ്യക്തമായ തീരുമാനം എടുക്കാന്‍ കഴിയാത്തതാണ് ഇതിനെല്ലാം കാരണം. ന്യൂറോസിസ് ബാധിച്ച എല്ലാവര്‍ക്കും ഭ്രാന്ത് പിടിപെടുമെന്ന തെറ്റിദ്ധാരണയും അകറ്റിയെ പറ്റൂ. മസ്തിഷക്കത്തിലെ സെല്ലുകളുടെ തകരാറുകള്‍ മൂലം ഒരിക്കലും ന്യൂറോസിസ് ഉണ്ടാകുകയില്ലെന്ന് മനസ്സിലാക്കുക.
തലച്ചോറിന്‍റെ കഴിവും നമ്മുടെ ചിന്തയുടെ കഴിവും തമ്മില്‍ ബന്ധപ്പെടുന്നുണ്ടോ? അതോ നാം ചിന്തിക്കുമ്പോള്‍ തലച്ചോറിലെ സെല്ലുകള്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്തായാലും ചിന്തിക്കുന്ന മനുഷ്യന്‍റെ അടിമയായിരിക്കണം മസ്തിഷ്കം അല്ലാതെ മനുഷ്യന്‍ സ്വന്തം മസ്തിഷക്കത്തിന്‍റെ അടിമയാകരുത്. ഉദാ:- ആദ്യമായി വാഹനമോടിച്ച ദിവസം ഒന്നോര്‍ത്തുനോക്കു. ഏവര്‍ക്കും ഉണ്ടായിരിക്കും പറയാന്‍ വിശേഷങ്ങള്‍. വാഹനത്തെ സമീപിക്കുന്നത് തന്നെ ഉത്കണഠയോടെയായിരിക്കും. മനസ്സില്‍ നാന്നാവിധ ചിന്തകള്‍- എവിടെയെങ്കിലും ഇടിക്കുമോ? വീഴുമോ? മരിക്കുമോ? ശരിക്ക് ഓടിക്കാന്‍ സാധിക്കുമോ തുടങ്ങി നിരവധി ചിന്തകളുമായി വണ്ടി എടുത്ത് പോര്‍ച്ചിലേക്ക് ഇടുവാനുള്ള അവസരം കിട്ടിയ നിങ്ങള്‍ വാഹനം സ്റ്റാര്‍ട്ടാക്കിയതോടെ മുന്നോട്ട് കുതിച്ച് മതിലില്‍ ഇടിച്ചുനിന്നു. വണ്ടി എടുത്ത നിങ്ങള്‍ക്ക് വാഹനത്തെ ശരിയായി നിയന്ത്രിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അതുപോയി ഇടിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നത് സ്പ്ഷ്ടം. അല്ലാതെ വാഹനത്തിന്‍റെ യന്ത്രതകരാറുകൊണ്ടല്ല അങ്ങിനെ സംഭവിച്ചത്. മനസ്സാകുന്ന ഡ്രൈവര്‍ ആശങ്കഭരിതനായതാണ് അപകട കാരണം.
ഞരമ്പു തകര്‍ച്ചയില്‍(നെര്‍വസ് ബ്രെയ്ക്ഡൗണ്‍) ഭയം, വിറയല്‍, ഹ്യദയമിടിപ്പ്, സംഭ്രമം, താളംതെറ്റിയ ശ്വാസഗതി എന്നിവ ഉണ്ടാകുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മനസ്സ് ആശങ്കാഭരിതമാകുമ്പോഴാണന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളൂക.
ഒരുവ്യക്തി തന്‍റെ പ്രവര്‍ത്തിക്കുള്ളില്‍ അനാവശ്യമായ ആവര്‍ത്തനമോ, നിര്‍ബന്ധബുദ്ധിയോ പ്രകടിപ്പിക്കുന്നുവെന്ന് അറിയുന്നപക്ഷം അയാളാദ്യം ചിന്തിക്കുന്നത് തന്‍റെ തലച്ചോറിന് എന്തോ കേടുപാട് സംഭവിച്ചിട്ടുണ്ടാകുമെന്നാണ്. ഇതുമൂലം നാഡീരോഗമുള്ള പലര്‍ക്കും തങ്ങള്‍ക്കിനി യാതൊരു ആശയ്ക്കും വഴിയില്ലെന്ന് ചിന്തിച്ച് വിഷാദരോഗത്തിലേക്കും പോകാം. വാസ്തവത്തില്‍ ഇവരുടെ തലച്ചോര്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളിലെ വൈകാരികമായ ഏറ്റകുറച്ചിലുകള്‍ക്കാണ് ഇവിടെ തകരാറ് സംഭവിക്കുന്നത്.
ന്യൂറോസിസ് പിടിപ്പെട്ട ഭൂരിപക്ഷം പേരും തങ്ങളുടെ സ്വന്തം വിശ്വാസങ്ങളെയും ശൈലികളെയും മുറകെപിടിക്കുന്നു. സാധാരണമായ ചിന്തകള്‍ ഇവരില്‍ ഉണ്ടാകുന്നില്ല. മുറുകെപിടിച്ച തെറ്റായ വിശ്വാസസംഹിതകളും മറ്റും അവരെ സാധാരണ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്. ഒപ്പം തങ്ങളുടെ അസുഖം ഒരിക്കലും ഭേദപ്പെടുകയില്ലന്നും വിശ്വസിക്കാന്‍ തുടങ്ങുന്നു.
ആത്മഹത്യ ചെയ്യുവാനുള്ള വാസന ഒരിക്കലും നമ്മുടെ മസ്തിഷ്ക്കമല്ല ഉണ്ടാക്കുന്നത്. വ്യക്തി സ്വന്തം നിലനില്‍പ്പിനോട് വെച്ചുപുലര്‍ത്തുന്ന വെറുപ്പില്‍നിന്ന് ഉണ്ടാകുന്ന വൈകാരിക പ്രതീകരണങ്ങളാണ് ആത്മഹത്യക്ക് ഇടയാക്കുന്നത്. സ്വയം വെറുപ്പും വിദ്വേഷവും മാറ്റി ജീവിതത്തിന് അര്‍ത്ഥവും മൂല്യവും ഉണ്ടെന്ന് കണ്ടത്തി അതിനോട് ആഭിമുഖ്യം പുലര്‍ത്തി പോന്നാല്‍ ഒരിക്കലും ആത്മഹത്യചിന്തകള്‍ ഉണ്ടാകുകയില്ല. അപ്പോഴും നമ്മുടെ മസ്തിഷ്ക്കത്തിന് യാതൊരുവിധ തകരാറും സംഭവിച്ചിരിക്കില്ല.
മനോജന്യമായ ന്യൂറോസിസ് ബാധയുള്ളവര്‍ക്ക് തന്‍റെ തലച്ചൊറിന് രോഗമുണ്ട്, തങ്ങള്‍ ഭ്രാന്തന്‍മാരാണ് എന്നുചിന്തിക്കാന്‍ ഇടവരുത്തരുത്. ആധുനികചികിത്സാ കേന്ദ്രങ്ങളില്‍ അതിനാനുപാതികമായി ന്യൂറോസിസ്, സൈക്കോസിസ്, ബുദ്ധിമാന്ദ്യം, വ്യക്തിത്വ ക്രമക്കേടുകള്‍, ഉത്കണഠ എന്നിങ്ങിനെ പ്രത്യേകം വിഭാഗങ്ങളാക്കി ചികിത്സിക്കുവാനുള്ള സൗകര്യങ്ങളുണ്ട്. കാരണം ഇത്തരം വ്യക്തികളുടെ മനസ്സിന് ആധിയുളവാക്കുന്ന ഒരു സാഹചര്യവും ഉണ്ടാകാന്‍ പാടില്ല.
നമ്മുടെ ശരീരാവയവങ്ങള്‍, മസ്തിഷ്ക്കം, ഞരമ്പുകള്‍, പേശികള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നിന് രോഗം ബാധിക്കുകയാണെങ്കില്‍ അതില്‍നിന്നും മോചനം നേടുകയെന്നത് പ്രയാസകരമായിരിക്കുമെന്നാണ് നാം സാധാരണ ഭയപ്പെടുക. ഈ ചിന്താഗതിയും ഭയവും മാറ്റിയെടുക്കുക എന്നതാണ് ന്യൂറോസിസ് ചികിത്സയുടെ ആദ്യപടി.
© Copyright 2020. All Rights Reserved.